ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

സാമൂഹിക ചരിത്രം

കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന മരിയാപുരം, ഉടുമ്പന്‍ചോല പഞ്ചായത്തിന്റേയും തുടര്‍ന്ന് കട്ടപ്പന പഞ്ചായത്തിന്റേയും കാമാക്ഷി പഞ്ചായത്തിന്റേയും ഭാഗമായിരുന്നു. പിന്നീട് കാമാക്ഷി പഞ്ചായത്ത് വിഭജിച്ച്  10/02/1973-ല്‍ മരിയാപുരം പഞ്ചായത്ത് നിലവില്‍ വന്നു. 1973-ലാണ് പഞ്ചായത്ത് രൂപീകരിച്ചതെങ്കിലും 1959 മുതല്‍ ഇവിടെ അധിവാസം ആരംഭിച്ചിരുന്നു. പ്രാചീന കാലഘട്ടം മുതല്‍ ഈ പ്രദേശങ്ങളില്‍ ജനങ്ങള്‍ ഉണ്ടായിരുന്നു എന്നുള്ളതിന് തെളിവുകളായി പുരാതന കാലത്ത് ഉപയോഗിച്ചിരുന്നു എന്ന് കരുതപ്പെടുന്ന മണ്‍പാത്രങ്ങള്‍, ശവക്കല്ലറകള്‍ തുടങ്ങിയവ കണ്ടെത്തിയിട്ടുണ്ട്. നവീനശിലായുഗാവശിഷ്ടങ്ങളും പഞ്ചായത്തിന്റെ പലഭാഗത്തും ഉണ്ട്. മധ്യതിരുവിതാംകൂര്‍ പ്രദേശത്ത് നിന്നുള്ളവരാണ് കുടിയേറ്റക്കാരില്‍ ഏറിയ പങ്കും. ഇടുക്കി പദ്ധതിയുടെ പണി ആരംഭിച്ചതോടു കൂടി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രത്യേകിച്ച് തെക്കന്‍ കേരളത്തില്‍ നിന്നും ധാരാളം പേര്‍ തൊഴില്‍തേടി ഇവിടെ എത്തുകയുണ്ടായി. കാല്‍നടയായിട്ടാണ് ആദ്യകാലത്ത് ആളുകള്‍ ഇവിടെ എത്തിയിരുന്നത്. വന്യമൃഗങ്ങളുടെ ആക്രമണം, ദുഷ്കരമായ കാലാവസ്ഥ, ഭക്ഷ്യദൌര്‍ലഭ്യം, പണി ആയുധങ്ങളുടെ കുറവ്, പാര്‍പ്പിട നിര്‍മ്മാണത്തിനുള്ള ബുദ്ധിമുട്ട്, സാമ്പത്തിക പരാധീനത എന്നിവയെല്ലാം ആദ്യകാല കുടിയേറ്റക്കാര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്നങ്ങളാണ്. മരിയാപുരത്തിന്റെ ചരിത്രം ഇടുക്കിയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. 

1922-ല്‍ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ട് ജോണും അദ്ദേഹത്തിന്റെ സുഹൃത്തും എഞ്ചിനീയറുമായ തോമസും ഇടുക്കി വനപ്രദേശത്ത് നായാട്ടിന് വന്നു. ഇവരെ സഹായിച്ചതും വഴികാണിച്ചതും കരുവള്ളി കൊലുമ്പന്‍ എന്ന ആദിവാസിയായിരുന്നു. നായാട്ടിനിടയില്‍ രണ്ട് മലകള്‍ക്കിടയില്‍കൂടി വളരെ വലിയ ഒരു പുഴ ഒഴുകുന്നത് കൊലുമ്പന്‍ അവരുടെ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി. ഈ പ്രദേശത്തിന്റെ പ്രാധാന്യവും സാധ്യതയും മനസിലാക്കിയ എഞ്ചിനീയര്‍ 1932-ല്‍ ഇടുക്കി പദ്ധതിയെകുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് തിരുവിതാംകൂര്‍ ഗവണ്‍മെന്റിന് സമര്‍പ്പിച്ചു. എന്നാല്‍ 1962 വരെ ഇക്കാര്യത്തില്‍ കാര്യമായ നടപടിയൊന്നും ഉണ്ടായില്ല. 1960-കളുടെ ആരംഭത്തില്‍ പത്രമാധ്യമങ്ങളില്‍ ഇടുക്കിയുടെ സാദ്ധ്യതകള്‍ വെളിച്ചത്ത് കൊണ്ട് വരികയും അത് പ്ളാനിംഗ് കമ്മിഷന്റെ ശ്രദ്ധയില്‍പെടുകയും ചെയ്തു. 1963-ല്‍ കേന്ദ്രപ്ളാനിംഗ് കമ്മിഷന്‍ ഇടുക്കി പദ്ധതിക്ക് അംഗീകാരം നല്‍കുകയും ചെയ്തു.

വികസന ചരിത്രം

ഈ പഞ്ചായത്തിലെ ആദ്യ വിദ്യാലയം ഉപ്പുതോട് പള്ളിയോട് അനുബന്ധിച്ച് ആരംഭിച്ച കുടിപ്പള്ളിക്കൂടം ആയിരുന്നു. 1964-ല്‍ വാഴത്തോപ്പില്‍ ആരംഭിച്ച ഗവ.എല്‍.പി.സ്കൂളും ഈ പഞ്ചായത്തിലെ വിദ്യാര്‍ത്ഥികളുടെ പ്രാഥമിക വിദ്യാഭ്യാസത്തെ ഒരളവുവരെ സഹായിച്ചിട്ടുണ്ട് എന്നുള്ളത് സ്മരണീയമാണ്. തുടര്‍ന്ന് മരിയാപുരം, വിമലഗിരി, നാരകത്താനം എന്നിവിടങ്ങളില്‍ കുടിപ്പള്ളിക്കൂടങ്ങള്‍ തുറക്കുകയുണ്ടായി. ഈ പഞ്ചായത്തിലെ ആദ്യ തപാലാഫീസ് ഉപ്പുതോട്ടിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഉപ്പുതോട്, കുതിരക്കല്ല്, നാരകത്താനം പ്രദേശങ്ങളില്‍ ഏതാണ്ട് ഒരേ കാലഘട്ടത്തില്‍ റേഷന്‍ കടകള്‍ തുറക്കപ്പെട്ടു. ആരോഗ്യരംഗത്ത് ഇവിടെ ആദ്യമായുണ്ടായ സ്ഥാപനം 1974-ല്‍ പ്രവര്‍ത്തനം ആരംഭിച്ച മരിയാപുരം പ്രാഥമികാരോഗ്യ കേന്ദ്രമാണ്. 1978-ല്‍ നാരകക്കാനത്ത് ഹോമിയോ ആശുപത്രിയും മൃഗാശുപത്രിയും പ്രവര്‍ത്തനമാരംഭിച്ചു. 1975-ല്‍ മരിയാപുരം സഹകരണ ബാങ്ക് പ്രവര്‍ത്തനം തുടങ്ങി. പഞ്ചായത്തിലെ രണ്ടാമത്തെ പ്രാഥമിക സഹകരണ സംഘം 1975-ല്‍ കരിമ്പനിലും ആരംഭിച്ചു. നാരകത്താനം ക്ഷീരോല്പാദന സംഘമാണ് ഈ രംഗത്തെ ആദ്യസ്ഥാപനം. 1970-ല്‍ ഉപ്പുതോട്ടില്‍ തുടക്കം കുറിച്ച ഹൈറേഞ്ച് റിക്രിയേഷന്‍ ക്ളബ്ബാണ് പഞ്ചായത്തിലെ ഒന്നാമത്തെ സാംസ്കാരിക സംഘടന. 1959-ാമാണ്ടിലാണ് ഈ പ്രദേശത്ത് വനങ്ങള്‍ വെട്ടിത്തെളിച്ച് ആള്‍ക്കാര്‍ കുടിയേറാന്‍ തുടങ്ങിയത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിയുകയും ജനസംഖ്യയില്‍ വര്‍ദ്ധനവ് ഉണ്ടാവുകയും നാട്ടിന്‍ പുറങ്ങളില്‍ നിന്നും പുതിയ പുതിയ ആള്‍ക്കാര്‍ ഇവിടേയ്ക്ക് വീണ്ടും ചേരാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ കുന്നിന്‍ ചരിവുകളിലേക്കും ആള്‍പ്പാര്‍പ്പ് വ്യാപിച്ചു. അതോടെ അവിടെയും കൃഷി ആരംഭിക്കുകയായി. ഇവിടെ ജനവാസവുമുണ്ട്. കുടിയേറ്റത്തിന്റെ ആദ്യ നാളുകളില്‍ നെല്ലും, കപ്പയുമായിരുന്നു പ്രധാനമായും കൃഷി ചെയ്തിരുന്നത്. ക്രമേണ നെല്ലിന്റേയും കപ്പയുടേയും സ്ഥാനത്ത് കുരുമുളകും, തെങ്ങും, കമുകും കൃഷി ചെയ്യുവാനാരംഭിച്ചു. അങ്ങനെ ഈ പ്രദേശങ്ങളിലെ വരുമാനത്തില്‍ ഒന്നാം സ്ഥാനം കറുത്ത പൊന്നായ കുരുമുളക് കരസ്ഥമാക്കി. റബ്ബര്‍, തെങ്ങ്, കുരുമുളക്, കൊക്കോ, കാപ്പി, ഏലം, തേയില എന്നീ നാണ്യ വിളകളും, ഇടവിളയായി ഇഞ്ചി, മഞ്ഞള്‍, വാഴ, കപ്പ എന്നിവയും കൃഷി ചെയ്തു വരുന്നു. വളരെ ചെറിയ തോതില്‍ ഇവിടെ നെല്‍ കൃഷിയും കാണാം. ഭൂപ്രകൃതി ഏറ്റവും അനുയോജ്യമായ കാര്‍ഷിക ഗ്രാമപഞ്ചായത്തായ മരിയാപുരം പഞ്ചായത്തില്‍ ഉപജീവനത്തിനായി മൃഗസംരക്ഷണമേഖലയെ ആശ്രയിക്കുന്നവരുടെ എണ്ണം വളരെയധികമാണ്. ഈ മേഖലയുടെ നട്ടെല്ലായ കന്നുകാലി സമ്പത്തിന്റെ സിംഹഭാഗവും ഗ്രാമങ്ങളിലെ ചെറുകിട നാമമാത്ര കര്‍ഷകരുടെ കൈകളിലാണ്. വിദ്യാഭ്യാസ പ്രതിസന്ധിക്ക് കൂട്ടായ്മയിലൂടെ പരിഹാരം കണ്ടെത്താന്‍ നടത്തിയ പരിശ്രമങ്ങളുടെ ഭാഗമായിട്ടാണ് ദേവാലയങ്ങളോട് അനുബന്ധിച്ച് കുടിപ്പള്ളിക്കൂടങ്ങള്‍ ഉണ്ടായത്. ഉപ്പുതോട്ടത്തിലാണ് ആദ്യ കുടിപ്പള്ളിക്കൂടം സ്ഥാപിതമായത്. തുടര്‍ന്ന് നാരകത്താനം, മരിയാപുരം, വിമലഗിരി തുടങ്ങിയ സ്ഥലങ്ങളിലും പള്ളിക്കൂടങ്ങള്‍ സ്ഥാപിതമായി. അന്നത്തെ കുടിപ്പള്ളിക്കൂടങ്ങളാണ് ഇന്നത്തെ അംഗീകൃത സ്കൂളുകളായി തീര്‍ന്നത്. സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തില്‍ എല്ലാ ജനവിഭാഗങ്ങളുടെയും സഹകരണത്തോടെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഓണം, വിഷു, ഈസ്റ്റര്‍, ക്രിസ്മസ്, റംസാന്‍, ബക്രീദ്, സ്വാതന്ത്ര്യദിനം, റിപ്പബ്ളിക്ക് ദിനം എന്നിവയോട് അനുബന്ധിച്ച് നടത്തപ്പെടുന്നു. ഇവ ഈ പഞ്ചായത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഉത്തമ ദൃഷ്ടാന്തമായി ഗണിക്കപ്പെടേണ്ടതാണ്. ഇവയ്ക്കുപുറമേ പഞ്ചായത്തിലെ വിവിധ ആരാധനാലയങ്ങളോട് അനുബന്ധിച്ച് നടത്തപ്പെടുന്ന പെരുന്നാളുകളും ഉത്സവങ്ങളും ജാതി മതഭേദമെന്യേ എല്ലാവരുടേയും കൂട്ടായ്മക്ക് ഉദാഹരണമാണ്.